Wednesday, October 5, 2016

സസ്യജാലങ്ങളിലെ കായിക മുറകള്‍-3

സസ്യങ്ങളില്‍ വളരെ എളുപ്പത്തില്‍ നാം സാധാരണ ചെയ്യുന്ന ഒരു രീതിയുണ്ട്. അതാണ് വെറുതെ കമ്പു മുറിച്ചു നടല്‍ (cuttings). കമ്പ് നടുക എന്നാല്‍ മാതൃ വൃക്ഷത്തിന്‍റെ ഒരു കമ്പു മുറിച്ചു മാറ്റി അത് മണ്ണില്‍ നേരിട്ട് നടുക. കമ്പ് മുറിചു നടുമ്പോള്‍ മണ്ണിലുള്ള ഭാഗത്ത്‌ പുതിയ വേരുകള്‍ വരും.
അത് ചെയ്യാത്തവര്‍ വിരളം. ചെമ്പരത്തി, റോസ്, ഡാലിയ, ക്രോട്ട ണ്‍ പോലുള്ള ചില പൂച്ചെടികള്‍, കാന്താരി മുളക്, വഴുതിന അങ്ങനെ കമ്പ് മുറിച്ചു വെച്ച് കിളിര്പ്പിക്കാന്‍ പറ്റുന്നവ വളരെയധികം ഉണ്ട്. നടുമ്പോള്‍ തലകീഴായി നടരുത്. എന്നാല്‍ കോവല്‍, ശീമകൊന്ന തുടങ്ങിയവ തല കീഴായി നട്ടാലോ രണ്ടറ്റവും മണ്ണില്‍ പൂഴ്ത്തിവെചാലോ വേര് പിടിക്കും, ഇടയിലുള്ള ഞെട്ടില്‍ നിന്നും കിളിര്പ്പ് വരും.

മറ്റൊരു രീതി തക്കാളി പോലുള്ളവയുടെ തണ്ട് മുറിച്ചു ഒരു കുപ്പിയിലെ വെള്ളത്തിലിട്ട് വേര് പിടിച്ച ശേഷം മണ്ണില്‍ കൊണ്ടുപോയി നടുന്നതാണ്. മുറിച്ച തണ്ടുകള്‍ നടുമ്പോള്‍ വെയിലു കൊള്ളിച്ച മണ്ണില്‍ വേണം നടാന്‍ (solarisation). അല്ലെങ്കില്‍ മുറിപ്പാടി ല്‍ കൂടി നിമാവെര ആക്രമണം ഉണ്ടാകും. മണ്ണില്‍ നിന്നും അണുബാധ പടരാനും ഇടകൊടുക്കരുത്. വേപ്പിന്‍ പിണ്ണാക്ക്, സ്യൂടോമോനാസ്, ട്രൈകൊഡെര്മ എന്നിവയൊക്കെ മണ്ണില്‍ നേരത്തെ ചേര്ത്ത് വെച്ചാല്‍ നല്ലതാണ്. (ഈ രീതി ഏതൊക്കെ ഇനങ്ങളില്‍ പറ്റുമെന്ന് അറിവുള്ളവര്‍ പറയൂ).
പക്ഷെ അങ്ങനെ ലക്കും ലഗാനവുമില്ലാതെ വെറുതെ ഒരു കമ്പ് മുറിച്ചു നട്ടാല്‍ എല്ലായ്പ്പോഴും പിടിക്കാറുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം ? പിടിക്കാതിരുന്നാല്‍ നാം വിചാരിക്കും വെള്ളം കുറവായിട്ടാവും, അല്ലെങ്കില്‍ നന കൂടുതലായി കട ചീഞ്ഞു പോയിട്ടുണ്ടാവും,

വെയില്‍കൂടിയതാവാം. അതുമല്ലെങ്കി ല്‍ നമ്മുടെ മണ്ണ് കൊള്ളില്ല, എനിക്ക് കൈപ്പുണ്യം ഇല്ല, നക്ഷത്ര ദോഷം ആണ് ഇങ്ങനെ ഓരോന്ന്. ഒരു ചെടിയുടെ വളര്‍ച്ചാകാലം നിരീക്ഷിച്ചാല്‍ കാണാം, അത് നന്നായി തളിര്ക്കും , വളരും, ഇലയെല്ലാം വലുതാവാ ന്‍ തുടങ്ങും പിന്നെ മൂക്കും, തണ്ട് വണ്ണം വെച്ച് മൂക്കും, പൂക്കും, ഇലക ള്‍ പൊഴിയും, ....... വീണ്ടും പൂക്കും അങ്ങനെ. തളിര്ത്തിരിക്കുന്ന കമ്പ് മുറിച്ച് നടരുത്. ഇലകളെല്ലാം മൂത്ത് ഇലഞ്ഞെട്ടില്‍ മുകുളങ്ങള്‍ വന്നതിനെ dormant buds എന്ന് പറയും. എല്ലാ ഇലഞ്ഞെട്ടിലും മുകുളങ്ങള്‍ (buds) ഉണ്ടാവും. വളരെ സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ കാണൂ എന്ന് മാത്രം. തളിര്ക്കു ന്നസമയത്ത് വേര് പിടിക്കാന്‍ സാധ്യത കുറവാണ്. കാരണം വേര് പിടിപ്പിക്കുക എന്നാല്‍ ഊര്ജ്ജം ചിലവുള്ള കാര്യമാണ്. ചെടിയുടെ തണ്ടിലുള്ള കരുതല്‍ ഭക്ഷണമാണ് (food reserve) ഇലയായും കായയായും ഒക്കെ പോകുന്നത്. തളിര്ക്കുമ്പോഴും പൂക്കുമ്പോഴും കൂടുതല്‍ ഊര്ജ്ജം അതിനായി പോകും. അപ്പോള്‍ വേര് പിടിക്കാനുള്ള സാധ്യത മങ്ങും. ഇലകളെല്ലാം തളിര്ത്തു മൂത്ത് dormancy എത്തുമ്പോള്‍, ധാരാളം കരുതല്‍ ഭക്ഷണം ഉള്ളപ്പോള്‍ ചെയ്‌താല്‍ നന്നായി വേര് പിടിക്കും. അത്തരം സമയം നോക്കി കമ്പുകള്‍ തിരഞ്ഞെടുക്കാം.

മണ്ണ്, മണല്‍, ചാണകപോടി എന്നിവ 1:1:1 എന്ന തോതില്‍ ചേര്ത്ത മിശ്രിതത്തില്‍ വേണം നടാന്‍. മണല്‍ ചേര്ക്കുന്നത് വേരോട്ടത്തിന് എന്നതിലുപരി നീര് വാര്‍ച്ച ക്ക് വേണ്ടിയാണ്. മണലിനു പകരം പലരും ഉപയോഗിക്കുന്നത് ചകിരിചോര്‍ ആണ്. പക്ഷെ ചകിരി ചോറിനു നീര് വാര്‍ച്ച കുറവാണ്. കൂടുതല്‍ വെള്ളം പിടിച്ചു വെക്കും. കട്ടിയുള്ള പിണ്ണാക്ക് വെള്ളവും പച്ചചാണകവും ചേര്ത്താലും അത് തന്നെ ഫലം. ചകിരിചോര്‍ അധികമായാല്‍ ചിലപ്പോള്‍ കമ്പ് കേടുവന്നുപോകും.

ഡിസംബര്‍, ജനുവരി മാസങ്ങളി ല്‍ സൂര്യന്‍ ദക്ഷിണാര്ദ്ധ ഗോളത്തില്‍ നമ്മില്‍ നിന്നും വളരെ അകലെ ആണ്. ആ സമയത്ത് വായുവില്‍ ആര്ദ്രത കുറയും. അപ്പോള്‍ ഇലകള്‍ വഴി കൂടുതല്‍ ജലാംശം ബാഷ്പ്പീകരണം വഴി നഷ്ട്ടപ്പെടാതിരിക്കാന്‍ ചെടികള്‍ ഇല പൊഴിയുന്ന സമയമാണ്. ആ സമയത്ത് ചെടികള്‍ വളര്ച്ച നിര്ത്തും . അവ ഒരുതരം സുഷുപ്സാവസ്തയിലാവും. ചെടിയുടെ പ്രവര്ത്തനങ്ങള്‍ കുറവായിരിക്കും. ഉറക്കമല്ല, വെറും മയക്കം (dormancy). ആ സമയത്ത് വിത്തിട്ടാല്‍ പോലും ചിലപ്പോള്‍ മുളക്കില്ല. അതുകൊണ്ട് ആ സമയം കമ്പ് നട്ടാലും വേര് പിടിച്ചെന്നു വരില്ല. എന്നാല്‍ മഴക്കാലത്ത് അന്തരീക്ഷത്തില്‍ നല്ലോണം ഈര്പ്പം ഉള്ളപ്പോള്‍ തണ്ട് ഉണങ്ങാതെ ഇരിക്കും. ഇലയില്‍ കൂടി ബാഷ്പ്പീകരണം മൂലം ഈര്പ്പം നഷ്ടപ്പെട്ട് ക്ഷീണം വരാതിരിക്കാന്‍ ചില ഇലകള്‍ മുറിച്ചു കളയാം. വിദഗ്ധര്‍ ഇലയുടെ പകുതി മുറിക്കും.

ഒരു ചെടിയുടെ കമ്പ് വളരുമ്പോള്‍ ആദ്യം ഇളം പച്ച നിറം ഉണ്ടാകും, പിന്നെ കടും പച്ച, അതുകഴിഞ്ഞാല്‍ ഇളം തവിട്ടു നിറം അങ്ങനെ വളര്ച്ചക്കനുസരിച്ച്‌ നിറം മാറും. മൂത്ത ചെടിയുടെ അഗ്ര ഭാഗം പച്ചനിറം ആകും. ഇളം പച്ച തണ്ടുകള്‍ നടാന്‍ പാടില്ല. വല്ലാതെ മൂത്ത് തവിട്ടു നിറമായതും വേണ്ട. കുറച്ചു പച്ചയോടികൂടിയ തവിട്ടു നിറമുള്ള തണ്ടാണ്‌ നല്ലത്.
അടിഭാഗം ചെരിച്ചു മുറിക്കണം. ചെരിച്ചു മുറിച്ചാല്‍ കൂടുതല്‍ ഭാഗം (cut-surface-area) വേര് മുളക്കാനായി കിട്ടും.

ചില ചെടികളുടെ കമ്പിന്‍റെ പ്രായ വ്യത്യാസമനുസരിച്ച് വേര് പിടുത്തത്തിനുള്ള സാദ്ധ്യത വ്യത്യാസമുണ്ട്. ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പു വേണം തിരഞ്ഞെടുക്കാന്‍. പല തരത്തിലുള്ള കമ്പുകള്‍ ഉണ്ടല്ലോ. പ്രായം ഏറിയ കമ്പ്, തവിട്ടു നിറമുള്ള കമ്പ്, തവിട്ടും പച്ചയും ചേര്ന്ന കമ്പ്, പച്ച നിറമുള്ള കമ്പ്, ഇളം പച്ച നിറമുള്ള കമ്പ്, അതുമല്ലെങ്കില്‍ തലപ്പ്‌. ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പാണ് യോജിക്കുക. അത് അനുഭവത്തി ല്‍ നിന്നും മനസ്സിലാക്കുക തന്നെ വേണം. അല്ലെങ്കില്‍ മൂന്നു പ്രായത്തിലുള്ള കമ്പുകളും നട്ട് ഏതില്‍ വേര് വേഗം പിടിക്കും എന്ന് മനസ്സിലാക്കാം.

എല്ലാ ചെടികള്ക്കും എല്ലാ പ്രായത്തിലുള്ള കമ്പുകളിലും വേര് പിടിക്കില്ല എന്ന് ചുരുക്കം. റോസിന് പച്ച നിറത്തിലുള്ള വണ്ണംകുറഞ്ഞ കമ്പ് നട്ടാണ്‌ വേര് പിടിപ്പിക്കുക. അതെ സമയം ബോഗന്വില്ല നല്ല പ്രായംചെന്ന കമ്പു നട്ടാണ്‌ വേര് പിടിപ്പിക്കുന്നത്. മുന്തിരിക്കും പ്രായം ചെന്ന കമ്പാണ് നടുക. അതിനെ hard wood എന്ന് പറയും. പച്ച നിറത്തിലുള്ള ഭാഗത്തിന് soft wood എന്ന് പറയും. പച്ചയും തവിട്ടും ചേര്ന്ന തിനെ semi hard wood എന്നും. ചെടികളില്‍ വേരുകള്‍ തണ്ടില്‍ വരാതിരിക്കാനുള്ള ഒരു ഹോര്മോണ് ഉണ്ട്. കാരണം ചെടിയുടെ ഊര്ജ്ജം അങ്ങനെ നഷ്ട്ടപ്പെടരുതല്ലോ. അതുകൊണ്ടുതന്നെ എല്ലാ ചെടികമ്പുകളിലും വേര് പിടിക്കില്ല. മാവിന്‍കൊമ്പു മുറിച്ചു കുത്തിയാല്‍ വേര് പോട്ട്വോ ? പ്ലാവിന്‍കൊമ്പു മുറിച്ചു കുത്തിയാല്‍ വേര് വര്വോ? ഇല്ല. അപ്പോള്‍ വേര് വരുത്താതിരിക്കാനുള്ള ഒരു ഹോര്മോണ്‍ എല്ലാ ചെടികളിലും ഉണ്ട്. ആ ഹോര്മോണിന്‍റെ അളവ് ഓരോ ചെടികളിലും, അതുപോലെ ചെടിയുടെതന്നെ ഓരോ ഭാഗത്തും, വേറെ വേറെ അളവിലാവും ഉണ്ടാവുക. അതുകൊണ്ടാണ് പ്രത്യേകിച്ച് പ്രായം അനുസരിച്ചാണ് വേര് തണ്ടില്‍ പിടിക്കൂ എന്ന് പറഞ്ഞത്.

ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പു വേണം തിരഞ്ഞെടുക്കാ ന്‍. അവയുടെ സ്വഭാവം അനുസരിച്ചും ചില ചെടികളി ല്‍ വേര് പിടിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിലവയില്‍ വേര് പൊട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.

മുറിച്ച കമ്പില്‍ വേര് പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കി ല്‍ അതിനു ഇന്ന് ഉത്തേജക മരുന്നുകള്‍ (rooting hormones) വാങ്ങാന്‍ കിട്ടും. Keradix, Seradix, Rootx, Rooton എന്നിങ്ങനെ വിവിധ ബ്രാന്ഡ് പേരുകളില്‍ വേര് പിടിപ്പിക്കാനുള്ള ഹോര്മോണുകള്‍ കിട്ടും. ഓര്ക്കുക, ഇവയിലെല്ലാം അടങ്ങിയിരിക്കുന്നത് INDOL BUTYRIC ACID എന്ന ഒരേ രാസ വസ്തുവാണ്. Keradix, Seradix, Rooton എന്നിവ പൌഡര്‍ രൂപത്തില്‍ ആണ്. ഇന്‍ഡോള്‍ ബ്യൂട്രിക് ആസിഡ് എന്നത് ഒരു ഹോര്മോണ്‍ ആണ്. ആ ഹോര്മോണിനെ ചോക്ക് പൊടിയിലോ ടാല്കം പൌഡറിലോ ചേര്ത്ത് പൌഡര്‍ രൂപത്തിലാണ് നമുക്കു ലഭിക്കുന്നത്.

കമ്പു മുറിച്ചെടുത്ത് ആ കമ്പിന്‍റെ മുറിപ്പാട് വെള്ളത്തില്‍ മുക്കിയ ശേഷം അതില്‍ ഈ പൊടി വിതറുക. നനഞ്ഞ മുറിപ്പാടില്‍ പൊടിവിതറിയാല്‍ ഒട്ടിയിരിക്കും. കമ്പ് നേരിട്ട് മണ്ണില്‍ കുത്തിയിറക്കുന്നതിനു പകരം മറ്റൊരു കോലുകൊണ്ട് മണ്ണില്‍ കുത്തിയ ചെറിയ കുഴിയി ല്‍ ഈ കമ്പ് മെല്ലെ ഇറക്കിയാല്‍ പുരട്ടിയ പൊടി മണ്ണില്‍ ഉരഞ്ഞു നഷ്ട്ടപ്പെടാതിരിക്കും. അധികമുള്ള പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വെക്കുക. പുറത്തു വെച്ചാല്‍ അതിലെ ഹോര്മോണ്‍ നഷ്ട്ടപ്പെടും. ചൂട് കൂടുംതോറും അതിന്‍റെ ഉത്തേജകശേഷി കുറഞ്ഞു വരും. കട്ടിംഗ്, ലയറിംഗ് എന്നിവയില്‍ മാത്രമേ ഈ ഹോര്മോണ്‍ ഉപയോഗിക്കൂ.

എല്ലാവര്ക്കും ഏറെക്കുറെ പരിചയമുള്ള രീതിയാണ് ഇതുവരെ പറഞ്ഞത്. ഒരു പരിശീലനവും വേണ്ടാത്ത ഒന്ന്. എന്നിട്ടും വേര് പിടിക്കാന്‍ അനുസരിക്കാത്ത ചെടികളില്‍ അടുത്ത മുറ പരീക്ഷിക്കാം. അതാണ്‌ പതിവെക്കല്‍ (LAYERING). പതിവെക്കല്‍ പല തരത്തിലുണ്ട്. നാളെ മുതല്‍ പതിവെക്കലിന്‍റെ ഓരോ രീതികള്‍ പഠിക്കാം.

കൃത്രിമ മാർഗങ്ങളിലൂടെ, നമ്മുടെ കായിക പ്രവര്ത്തനത്തിലൂടെ, അംഗപ്രജനനം നടത്താനുള്ള വിവിധ മാര്ഗങ്ങളാണ് മുറിച്ചുനടൽ (cutting), പതിവയ്ക്കൽ (layering), ഒട്ടിക്കല്‍ (grafting), മുകുളനം (budding) എന്നിവ.

സസ്യങ്ങളില്‍ കൃത്രിമ അംഗ പ്രജനന മാര്ഗങ്ങളില്‍ ഏറ്റവും എളുപ്പമുള്ള ഒരു രീതിയാണ് മുറിച്ചു നടല്‍ (CUTTINGS).

അതിനു പറ്റാത്ത ചെടികളില്‍ പരീക്ഷിക്കാവുന്ന അടുത്ത രീതിയാണ് പതിവെക്ക ല്‍ (LAYERING).

ഈ രീതിയില്‍, ചെടിയുടെ തണ്ട് മണ്ണിലേക്ക് മുട്ടിച്ച്, മണ്ണിനടിയില്‍ ഇരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വെക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ ധാരാളം വേരുകള്‍ പൊട്ടി കിളിര്ത്തുവരും. അതിനു ശേഷം മാതൃ സസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാ ല്‍അതൊരു പുതിയ സസ്യമായി വളര്ന്നു കൊള്ളും.

തണ്ട് വളച്ച് മണ്ണില്‍ മുട്ടിക്കാന്‍ പറ്റാത്ത ചെടികളുണ്ടാവുമല്ലോ. തണ്ടിനെ മണ്ണിലേക്ക് കൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍, മണ്ണിനെ തണ്ടിനടുത്തെക്ക് കൊണ്ടുപോകുക. അതായത്, തണ്ടില്‍ മണ്ണോ അല്ലെങ്കില്‍ പറ്റിയ മിശ്രിതമോ പതിച്ചു കെട്ടുക. അതില്‍ വേര് പിടിച്ചു കഴിഞ്ഞാ ല്‍, മാത്രുവൃക്ഷത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍, അതൊരു പുതിയ ചെടിയാവും.
വിവിധ പ്രജനന മാര്ഗങ്ങളി ല്‍ ഏറ്റവും വിജയകരമായ രീതിയാണ് പതിവെക്കല്‍. കാരണം വേര് വന്നു എന്ന് ഉറപ്പു വരുത്തിയ ശേഷമാണല്ലോ നാം പിരിച്ചു നടുന്നത്.
പതിവെക്കലിനു പല രീതികള്‍ ഉണ്ട്. സൌകര്യമനുസരിച്ച് ഓരോ ചെടികളിലും ഓരോ രീതി പരീക്ഷിക്കാം. എല്ലാ രീതികളും എളുപ്പമാണ്. കുറച്ചു തയ്യാറെടുപ്പ് വേണമെന്ന് മാത്രം. ഓരോ രീതികളെയും കുറിച്ച് നമുക്ക് പഠിക്കാം.

ഏറ്റവും എളുപ്പമായ ഒരു രീതി ആണ് അഗ്ര പതിവെക്ക ല്‍.

----------- അഗ്ര പതിവെക്ക ല്‍ അഥവാ TIP LAYERING ------------

ഒരു കമ്പിന്‍റെ അഗ്ര ഭാഗത്ത്‌ ഒരു പാളി അല്ലെങ്കില്‍ ഒരു ചെറിയ അട്ടി മണ്ണ് പതിച്ചുവെക്കുന്നതിനെ അഗ്രപതിവെക്ക ല്‍ എന്നുപറയും. ഇത് എല്ലാ ചെടികളിലും പറ്റില്ല. strawberry, rasberry തുടങ്ങി മണ്ണിനോട് പതിഞ്ഞുകിടക്കുന്ന / പതിച്ചു കിടത്താന്‍ സൌകര്യമുള്ള ശിഖരങ്ങളുള്ള ചെടികളില്‍ ഇത് ചെയ്യാം. ബെറി ഗ്രൂപ്പില്‍ എല്ലാ ചെടികള്ക്കും പറ്റും.
ഇതിന്‍റെ പ്രത്യേകത, അമ്മച്ചെടിയുടെ അടുത്തു തന്നെ ശിഖരങ്ങള്‍ ഉണ്ടാകും എന്നതാണ്. ആദ്യമായി നമുക്ക് വേണ്ട കമ്പുക ള്‍ തിരഞ്ഞെടുക്കുക. അതിന്‍റെ അഗ്ര ഭാഗത്തുള്ള എല്ലാ ഇലകളും മുറിച്ചു കളയുക. അഗ്ര ഭാഗത്തുള്ള മുകുളം dormant ആയിരിക്കണം, അതായത് തളിര്പ്പു വന്നിരിക്കരുത്. എല്ലാ ഇലകളും മാറ്റി, അതിനെ വളച്ചു ഭൂമിയിലേക്ക്‌ മുട്ടിച്ച് 5 cm ആഴത്തില്‍ മണ്ണില്‍ കുഴിച്ചിടുക. അല്ലെങ്കില്‍ ഒരു കവറിലോ ചട്ടിയിലോ മിശ്രിതം നിറച്ച്, ചെടിയുടെ തൊട്ടടുത്തു വെച്ച്, അതില്‍ താഴ്ത്തിയാലും മതി. അറ്റത്ത്‌ മയങ്ങി കിടക്കുന്ന ഒരു മുകുളം ഉണ്ടല്ലോ. അത് മെല്ലെ വലുതാവാന്‍ തുടങ്ങും. കിളിര്പ്പുകള്ക്ക് (shoots) വെളിച്ചത്തിലേയ്ക്കു വരാനാണ് വ്യഗ്രത ഉണ്ടാകുക. അത് മണ്ണില്‍ നിന്നും വളര്ന്ന് മേലോട്ട് വരും. അതേസമയം വേരിനു എപ്പോഴും താഴോട്ടു പോകാനാണ് വ്യഗ്രത. ഒരറ്റം മേലോട്ട് വളരുമ്പോള്‍ മറ്റേ അറ്റത്ത്‌, താഴെ, വേര് പിടിക്കും. വേര് വരാന്‍ ഒന്ന് അല്ലെങ്കില്‍ ഒന്നര മാസം എടുക്കും. മുകളില്‍ തളിര്‍ പൊന്തി വന്നാല്‍ താഴെ വേര് പിടിച്ചിട്ടുണ്ടാവും എന്ന് അനുമാനിക്കാം. കിളിര്പ്പ് വളര്ന്നു ഒരടി നീളം വെച്ചാ ല്‍ മുറിച്ചു മാറ്റാം.

വേര് പിടിച്ചു കഴിഞ്ഞാല്‍ ഒറ്റയടിക്ക് മുറിച്ചു മാറ്റരുത്. ഘട്ടം ഘട്ടം ആയി വേണം മുറിച്ചു മാറ്റാന്‍. ഒറ്റയടിക്ക് മുറിച്ചു മാറ്റിയാല്‍ അതിനു ക്ഷീണം പറ്റും. കുറേശ്ശെ കുറേശ്ശെ ആയി ചെടി അറിയാതെ മുറിച്ച്മാറ്റുമ്പോള്‍, അതിനു ക്ഷീണം പറ്റില്ല. ആദ്യം തണ്ടില്‍ ചെറിയൊരു കീറല്‍ കൊടുക്കുക. രണ്ടാഴ്ച കഴിഞ്ഞാല്‍ മുഴുവന്‍ മുറിചെടുക്കാം.

മുറിച്ചു ചട്ടിയിലോ കവറിലോ നട്ട്, അധികം വെയില്‍ തട്ടാത്ത സ്ഥലത്ത് വെക്കണം. കാരണം പെട്ടെന്ന് പൊരിവെയിലത്ത്‌ വെച്ചാല്‍ അതിനു ക്ഷീണം ആകും. കാരണം വേര് വന്നെങ്കിലും അത് മുഴുവന്‍ കാര്യക്ഷമമാവാന്‍ തുടങ്ങിയിട്ടുണ്ടാവില്ല. മയപ്പെടുത്തി (seasoning), ക്ഷീണം മാറ്റി, രണ്ടാഴ്ച കഴിഞ്ഞു ആ മണ്ണോടെ നമുക്കിഷ്ടമുള്ളിടത്ത് നടാം.
ഇതാണ് അഗ്രപതിവെക്കല്‍. ഇത് എല്ലാ ഇനത്തിലും പറ്റില്ല. മണ്ണ് പിടിച്ചിരുന്നാല്‍ അഴുകി പോകുന്ന ചെടികളില്‍ ഇത് പറ്റില്ല.


No comments:

Post a Comment