ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് 85 വര്‍ഷം മുമ്പ് സ്ഥാപിതമായ മദ്രാസ് ഹൈക്കോടതിക്ക് വലിയ ചരിത്രമുണ്ട്. ഹൈക്കോടതിയുടെ സ്ഥാപകദിനമായ ആഗസ്ത് 15-ന് രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ചതും ഒരു നിമിത്തമായിരിക്കാം. മദ്രാസ് ഹൈക്കോടതിയുടെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തിരശ്ശീല വീഴുകയാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഈ കോടതിനല്‍കിയ സംഭാവനകള്‍ ഈ അവസരത്തില്‍ ഓര്‍മിക്കപ്പെടേണ്ടതുണ്ട്.
മദ്രാസിലെ കോടതികളുടെ ചരിത്രം നാലുഘട്ടങ്ങളായി തിരിക്കാം. 1600 മുതല്‍ 1800 വരെയുള്ള ആദ്യകാലഘട്ടത്തില്‍ വിവിധ ഉടമ്പടികള്‍ പ്രകാരം അനവധി കോടതികള്‍ ഇവിടെ സ്ഥാപിതമായി. മദ്രാസ് സുപ്രീംകോടതി സ്ഥാപിതമായ 1801 മുതല്‍ 1861 വരെയാണ് രണ്ടാംഘട്ടം. ഈ സുപ്രീംകോടതിയാണ് പിന്നീട് മദ്രാസ് ഹൈക്കോടതിയായി മാറിയത്. 1862 -ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിജ്ഞാപനപ്രകാരം ഹൈക്കോടതി സ്ഥാപിച്ചത് മുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ളത് മൂന്നാംഘട്ടവും തുടര്‍ന്നുള്ളത് നാലാംഘട്ടവുമാണ്.
1861 ആഗസ്ത് 6-ാം തീയതി ബ്രിട്ടീഷ് ഗവണ്‍മെന്റ് 'ഇന്ത്യന്‍ ഹൈക്കോടതി നിയമം' പാസ്സാക്കി. ഈ നിയമം മദ്രാസ്, കല്‍ക്കത്ത, ബോംബെ എന്നീ മൂന്നു പ്രസിഡന്‍സി നഗരങ്ങളില്‍ സഞ്ചരിക്കുന്ന കപ്പലിന്മേലടക്കം അധികാരം നല്‍കുന്ന ഹൈക്കോടതികള്‍ ആരംഭിക്കാന്‍ വിക്ടോറിയ രാജ്ഞിക്ക് അനുമതി നല്‍കി. ഈ അധികാരം ഉപയോഗിച്ച് 1862 ജൂണ്‍ 26-ാം തീയതി വിപുലമായ അധികാരങ്ങളോടുകൂടി മദ്രാസ് ഹൈക്കോടതി രൂപവത്കരിച്ചുകൊണ്ട് രാജ്ഞി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടുകൂടി ജോര്‍ജ് മൂന്നാമന്‍ രാജാവ് 1800 ഡിസംബര്‍ 26-ാം തീയതിയിലെ വിജ്ഞാപനപ്രകാരം ആരംഭിച്ച സുപ്രീംകോടതിയുടെ പ്രവര്‍ത്തനം അവസാനിച്ചു. 1862 ആഗസ്ത് 15-ാം തീയതി മദ്രാസ് ഹൈക്കോടതി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒന്നാം ലെയ്ന്‍ ബീച്ചില്‍ ബീച്ച് റെയില്‍വേസ്റ്റേഷന്റെ മുന്‍വശത്തുള്ള കെട്ടിടത്തിലായിരുന്നു 1862 മുതല്‍ 1892 വരെ കോടതി പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടം പില്‍ക്കാലത്ത് മദ്രാസ് കളക്ടറേറ്റായി മാറി.
1888-ല്‍ ആരംഭിച്ച പുതിയ കെട്ടിടനിര്‍മാണം 1892-ല്‍ പൂര്‍ത്തീകരിച്ചു. അനേകം ഗോപുരങ്ങളോടു കൂടിയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ കെട്ടിടത്തിന്റെ നിര്‍മാണത്തിന് 12,98,163 രൂപ ചെലവായി. ലണ്ടനിലെ കോടതികള്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലുതായ രണ്ടാമത്തെ കോടതി സമുച്ചയമാണ് മദ്രാസ് ഹൈക്കോടതി. 175 അടി ഉയരമുള്ള ഒരു ലൈറ്റ്ഹൗസ് കെട്ടിടത്തിന്റെ മുകളില്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് മദിരാശി നഗരത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായിരുന്നു ഈ ലൈറ്റ് ഹൗസ്.
1892 ജൂലായ് മാസം 12-ാം തീയതി കെട്ടിടത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചുകൊണ്ട് അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ബെല്‍ബി ബാരണ്‍ വെന്‍ലോക്ക് ചെയ്ത പ്രസംഗവും താക്കോല്‍ സ്വീകരിച്ചുകൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് സര്‍ ആര്‍തര്‍ കോളിന്‍സ് ചെയ്ത മറുപടി പ്രസംഗവും ചരിത്രത്തിന്റെ ഭാഗങ്ങളാണ്.
''മിലോര്‍ഡ്! ഹൈക്കോടതി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ആരെയും കൂസാത്ത ജഡ്ജിമാര്‍ ഉണ്ടായിരിക്കെ, അവര്‍ ചട്ടങ്ങള്‍ പ്രകാരവും ശുദ്ധമായ മനഃസാക്ഷിയോടെയും തുല്യതാ ബോധത്തോടെയും നീതി നടപ്പാക്കിക്കൊണ്ടിരിക്കെ, ഇത്രയും വര്‍ഷക്കാലം അഭംഗുരം അതുതുടര്‍ന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് പൊതുജനങ്ങളുടെ വിശ്വാസം ഈ സ്ഥാപനത്തിനുമേല്‍ ഉണ്ടാകും. ഈ സ്ഥാപനം അതര്‍ഹിക്കുകയും ചെയ്യുന്നു. ഞാനും അങ്ങയും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത നമുക്ക് ഒന്നുമറിയാത്ത ഒരു ലോകത്തിലേക്ക് പോയ്ക്കഴിഞ്ഞാലും ശേഷിയും ധീരതയുമുള്ള വ്യക്തികള്‍ ഇനിയും ഉണ്ടാകുമെന്നും അവര്‍ ഈ കോടതികളില്‍ വര്‍ഗമോ വിശ്വാസമോ വംശമോ പരിഗണിക്കാതെ നീതിനടപ്പാക്കുമെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
മദ്രാസ് ഹൈക്കോടതിയുടെ ആദ്യത്തെ ഇന്ത്യക്കാരനായ ചീഫ് ജസ്റ്റിസ് ഡോ. പി.വി. രാജമന്നാര്‍ ആയിരുന്നു. സഹ. ജഡ്ജിമാരായിരുന്ന ടി. മുത്തുസ്വാമി അയ്യര്‍, എസ്. സുബ്രഹ്മണ്യം അയ്യര്‍, വി.ബാഷ്യം അയ്യങ്കാര്‍ എന്നിവരുടെ പേരുകള്‍ സ്പര്‍ശിക്കാത്ത കോടതി ചരിത്രം അപൂര്‍ണമാണ്. വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ മുത്തുസ്വാമി അയ്യരാണ് ഈ കോടതിയിലെ ആദ്യത്തെ ഇന്ത്യന്‍ ന്യായാധിപന്‍ എന്ന ബഹുമതിക്ക് അര്‍ഹന്‍. വെള്ള മാര്‍ബിളിലുള്ള അദ്ദേഹത്തിന്റെ പ്രതിമ കോടതിയുടെ ഒന്നാം നിലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്നും ഐലന്‍ഡ് മൈതാനത്തേക്ക് പോകുന്നവഴിയിലുള്ള പാലത്തിന് മുത്തുസ്വാമി അയ്യരുടെ പേരാണ് നല്‍കിയിട്ടുള്ളത്.
മലയാളികളായ സി. ശങ്കരന്‍നായര്‍, ചേറ്റൂര്‍ മാധവന്‍നായര്‍, ഡോ. കെ. കൃഷ്ണന്‍, കെ.എസ്.മേനോന്‍, ദിവാന്‍ ബഹാദുര്‍, സി.കുഞ്ഞിരാമന്‍, പി.ഗോവിന്ദമേനോന്‍ (പിന്നീട് സുപ്രീംകോടതി ജഡ്ജിയായി), പി.രാമകൃഷ്ണന്‍ ഐ.സി.എസ്.ഹാജി, പി.കുഞ്ഞമ്മദ്കുട്ടി എന്നിവര്‍ കേരള സംസ്ഥാന പിറവിക്ക് മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ ന്യായാധിപന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി ആര്‍.വെങ്കിട്ടരാമന്‍, ആന്ധ്ര കേസരി ടി.പ്രകാശം, അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, സി.ആര്‍.പട്ടാഭിരാമന്‍, മോഹന്‍കുമരമംഗലം, പി. ചിദംബരം, മലയാളികളായ ചേറ്റൂര്‍ ശങ്കരന്‍നായര്‍, എം.കെ. നമ്പ്യാര്‍, ഗോവിന്ദസ്വാമിനാഥന്‍, മുന്‍ അറ്റോര്‍ണി ജനറല്‍മാരായിരുന്ന കെ.പരാശരന്‍, ജി.രാമസ്വാമി, മുന്‍ സോളിസിറ്റര്‍മാരായിരുന്ന കെ.കെ. വേണുഗോപാല്‍, വി.പി.രാമന്‍ തുടങ്ങിയവര്‍ മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്തരായ അഭിഭാഷകരായിരുന്നു.
1950-ല്‍ എ.കെ.ഗോപാലന്‍ കേസ്സില്‍ കരുതല്‍ തടങ്കല്‍ ഭരണഘടനയുടെ 19 (1) ഡി വകുപ്പ് പൗരന് നല്‍കുന്ന, ഇന്ത്യയില്‍ എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അതുകൊണ്ട് കരുതല്‍ തടങ്കല്‍ നിയമങ്ങള്‍ പൗരന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണോ എന്ന് പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്നും ബാരിസ്റ്റര്‍ എം.കെ.നമ്പ്യാര്‍ സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദിച്ചു. നമ്പ്യാരുടെ വാദം ഭൂരിപക്ഷം ജഡ്ജിമാര്‍ തള്ളിയെങ്കിലും പിന്നീട് ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം 1970-ലെ ആര്‍.സി. കൂപ്പര്‍ കേസിലും 1978-ലെ മേനകാഗാന്ധി കേസിലും അദ്ദേഹത്തിന്റെ വാദം ശരിയാണെന്നും മുമ്പത്തെ വിധി തെറ്റാണെന്നും സുപ്രീംകോടതി വൈകിയാണെങ്കിലും അംഗീകരിച്ചു.
2005-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഹൈക്കോടതി മ്യൂസിയത്തില്‍ രാജ്ഞിയുടെ വിളംബരങ്ങളും കോടതി സ്ഥാപന രേഖകളുമടക്കം അനവധി ചരിത്രരേഖകള്‍ ഉണ്ട്. 2004 ജൂലായ് 24 മുതല്‍ 12 ജഡ്ജിമാരുള്ള ഒരു സ്ഥിരം ഹൈക്കോടതി ബെഞ്ച് മധുരയില്‍ സ്ഥാപിതമായി. 1862-ല്‍ ചീഫ് ജസ്റ്റിസും അഞ്ച് സഹജഡ്ജിമാരും പ്രവര്‍ത്തിച്ചിരുന്നു. കോടതിയില്‍ ഇപ്പോള്‍ ജഡ്ജിമാരുടെ എണ്ണം അറുപതായി ഉയര്‍ന്നു. ഇന്ന് 53 ജഡ്ജിമാര്‍ മദ്രാസിലും മധുരയിലുമായി സേവനമനുഷ്ഠിക്കുന്നു.
ഇന്ത്യയില്‍ ആദ്യമായി ഒത്തുതീര്‍പ്പില്‍ കൂടി കേസുകള്‍ തീര്‍ക്കാനുള്ള കേന്ദ്രം തുടങ്ങിയത് ഈ കോടതിയിലാണ്. സായാഹ്ന കോടതികള്‍ അവധി ദിന കോടതികള്‍ എന്നിവയ്ക്കും ആദ്യമായി തുടക്കമിട്ടത് ഇവിടെയാണ്. സ്വത്തുവിവരങ്ങള്‍ ആദ്യമായി സ്വമേധയാ വെളിപ്പെടുത്തിയത് മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാരാണ്. അങ്ങനെയും ഒരു ബഹുമതി ഈ നീതി പീഠത്തിന് അവകാശപ്പെടാം.
No comments:
Post a Comment