Wednesday, October 5, 2016

സസ്യജാലങ്ങളിലെ കായികമുറകൾ-2

ലക്നൌവിലെ (U.P.) ഹാജി കലീംഉള്ളാഹ്ഖാന്‍ - മാവില്‍ 315 വിവിധ ഇനം മാവിന്‍ കൊമ്പുകള്‍ ഒട്ടിച്ച് പത്മശ്രീ അവാര്ഡ് ജേതാവായി.
അല്‍ഫോണ്‍സോ ... ഒരു മാങ്ങക്ക് വേണ്ട ഗുണങ്ങള്‍ എല്ലാം ഉള്ള മാങ്ങയായാണ് ഇതിനെ കണക്കു കൂട്ടുന്നത്‌. മാങ്ങയുടെ രാജാവാണത്രെ.
(Alphonso De Albuquerque എന്ന പോര്ച്ചുഗീസ് സൈന്യാധിപന്‍ ഗോവ കീഴടക്കി വാഴുമ്പോള്‍ പാരീസില്‍ നിന്നും കൊണ്ടുവന്ന മാങ്ങ അന്തിയൂണിനുശേഷം തിന്ന് അതിന്‍റെ അണ്ടി പുറത്തേക്ക് വലിച്ചെറിഞ്ഞു. അത് മുളച്ചു വലുതായി ഒരു പ്രത്യേക സ്വാദുള്ള മാങ്ങ ഉണ്ടായി എന്നാണു കഥ. എങ്ങനെയോ പ്രകൃതി ആ മാങ്ങക്ക് ഇവിടെ നട്ടപ്പോള്‍ വ്യത്യസ്തമായ ഒരു സ്വാദ് നല്കി. ഇന്ന് അതിന്‍റെ ലക്ഷക്കണക്കിന്‌ തൈകള്‍ ആണ് ഗോവയിലെ രത്നഗിരിയില്‍ ഗ്രാഫ്റ്റ് ചെയ്തു ഉത്പ്പാദിപ്പിക്കുന്നത്.

ഒരു വീട്ടില്‍ പല്ലില്ലാത്ത കാരണവര്ക്ക് ‌ മധുരമുള്ള, വായിലിട്ടാല്‍ 'ക്ളും' ന്ന് ഇറങ്ങിപോകുന്ന മാങ്ങ വേണം. കുട്ടികള്ക്ക് കടിച്ചു വലിച്ചു ഈമ്പി കുടിക്കാവുന്ന നാരുള്ളതരം വേണം. ഭാര്യക്ക് അധികം മധുരം വേണ്ട. ഉപ്പിലിട്ടത്‌ ഉണ്ടാക്കാന്‍ പുളിയന്‍ തന്നെ വേണം. വിരുന്നുകാര് വരുമ്പോള്‍ സന്തോഷിപ്പിക്കാന്‍ അല്ഫോണ്സാ വേണം. പക്ഷെ അമ്മക്ക് അത് വേണ്ട, മഴ പെയ്താല്‍ അതില്‍ പുഴു കേറും എന്നൊരു വിശ്വാസം. ത്രുശൂര്കാര്ക്ക് പ്രിയൂരോ മൂവാണ്ടനോ വേണം, കണ്ണൂര്കാര്ക്ക് നമ്പ്യാര്‍ മാങ്ങയും. കൊതിപ്പിക്കാനെങ്കിലും ഒരു കിളിച്ചുണ്ടന്‍ വേണ്ടേ. എല്ലാത്തിനും കൂടി മുറ്റത്തുള്ളത്‌ 'ഠ'വട്ടം സ്ഥലം മാത്രം. എന്താ ചെയ്യാ. ഇത് തന്നെ വഴി - ഗ്രാഫ്ട്ടിംഗ്.

എല്ലാ പഴവര്ഗങ്ങളിലും ഇന്ന് കായിക പ്രവര്ത്തനം നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇന്ദ്രജാലം നടക്കുന്നത് റോസിലും ക്രോട്ടന്‍ ചെടികളിലുമാണ്. കുറേശ്ശെ പച്ചക്കറികളിലും.
പക്ഷെ എല്ലാ ചെടികളും തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ പറ്റില്ല. പട്ടുനൂലിന്മേല്‍ വാഴനാര് ചേര്ക്കാന്‍ പറ്റ്വോ? ഒരേ കുടുംബത്തില്‍, ജനുസ്സില്‍, പെട്ടവ മാത്രമേ ഒട്ടിച്ചാല്‍ ശരിയാവൂ. നാം മാവിന്‍റെ ഒട്ടിക്കല്‍ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍, മാവില്‍ പല ഇനങ്ങള്‍ ഉണ്ട്, അവ എതുതമ്മിലും കൂട്ടി യോജിപ്പിക്കാം. പക്ഷെ മാവും പ്ലാവും തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ പറ്റില്ല.
ചില ഇനങ്ങളില്‍ ഒരേ കുടുംബത്തിലുള്ളവതന്നെ കൂട്ടി യോജിപ്പിക്കാന്‍ പറ്റിയെന്നു വരില്ല. ഉദാഹരണത്തിന് കശുമാവും മാവും ഒരേ കുടുംബത്തില്‍ പെട്ടവ ആണ്. പക്ഷെ അവ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ പറ്റില്ല.

ഏതെങ്കിലും കടപ്പ ന്‍ (root stock) എടുത്തു അതില്‍ ഏതെങ്കിലും തലപ്പന്‍ (സയോണ്‍) വെച്ചാല്‍ ഒട്ടണമെന്നില്ല എന്നര്ത്ഥം.

ചെടികളില്‍ രണ്ടു തരം വളര്ച്ച ഉണ്ട്. orthotropic എന്നാല്‍ കുത്തനെ മുകളിലോട്ട് വളരുന്നത്‌. plagiotropic എന്നാല്‍ വശങ്ങളിലേക്ക് വളരുന്നത്‌. പന്തലിച്ചു വളരുന്ന ചെടികളാണ് നമുക്ക് ആവശ്യമെങ്കില്‍, അതായത് അധികം ഉയരം വെക്കാത്ത കുള്ളന്‍ ചെടികളാണ് നമുക്ക് വേണ്ടതെങ്കില്‍, വശങ്ങളിലേക്ക് പോകുന്ന ശാഖകളില്‍ നിന്നും കമ്പ് എടുക്കുക. തൂക്കനെ പോകുന്ന വലിയ മരമാണ് ആവശ്യമെങ്കില്‍ നേരെ മുകളിലേക്ക് പോകുന്ന കൊമ്പില്‍ നിന്നും എടുക്കുക.

പതിവെക്കലിനു വശങ്ങളിലേക്ക് പോകുന്ന കൊമ്പില്‍ നിന്നാണ് എടുക്കുന്നതെങ്കില്‍ എന്ത് സംഭവിക്കും ? അത് അതിന്‍റെ തനി സ്വഭാവം കാണിക്കും, വശങ്ങളിലേക്ക് തന്നെ പടരും. തലപ്പന്‍ ഭൂമിക്കു സമാന്തരമായി വളരും. പതിവെക്കല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്. കുരുമുളക് കുറ്റിച്ചെടി ഇങ്ങനെ ഉണ്ടാക്കാം.

ഒട്ടിക്കല്‍ ചെയ്യുമ്പോഴും കടപ്പന്‍ എടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ചില ചെടികളുടെ കടപ്പന്‍ വെച്ചാല്‍ ചെടി മുകളിലോട്ടു വളരില്ല. പന്തലിച്ചു വശങ്ങളിലേക്ക് വളരും. അങ്ങനെ നമുക്ക് കുള്ളന്‍ ചെടികളെ വളര്ത്തിയെടുക്കാം. അപ്പോള്‍ ഉയരം കൂടിയതുകൊണ്ട് കായ പറിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. കുള്ളന്‍ ഇനത്തില്‍പെട്ട മാവാണ് വെള്ളെകുളംബന്‍. അതില്‍ ഒട്ടിച്ചാല്‍ നമുക്ക് അധികം ഉയരം വെക്കാത്ത മാവ് വളര്ത്തിയെടുക്കാം.

തലയാണ് നമുക്ക് ഉത്പ്പാദനവും ആദായവും തരുന്നത്. അപ്പോള്‍ തലപ്പന്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 1. ധാരാളം കായ്ഫലം തരുന്നത് ആവണം. 2. നേരത്തെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് ആയിരിക്കണം. 3. രോഗ പ്രതിരോധശേഷി ഉണ്ടായിരിക്കണം. 4. ഗുണമേന്മയുള്ള കായഫലം തരുന്നതാവണം.

കടപ്പന്‍ എടുക്കുമ്പോള്‍ നല്ല ചെടി ആവണം, നല്ല വേര് പടലങ്ങള്‍ ഉണ്ടായിരിക്കണം. പിന്നെ ആയുര്‍ ദൈര്ഘ്യം എന്നത് വിത്തിന്‍റെ ഗുണമനുസരിചാവും. നാം ഒട്ടിക്കല്‍ ചെയ്യുമ്പോള്‍ അതില്‍ നിന്നും നമുക്ക് കിട്ടുന്ന ചെടി അല്ലെങ്കില്‍ മരം തീര്ച്ചയായും തലപ്പന്‍റെ മാത്രുവൃക്ഷംപോലെ തന്നെയാണ് ഫലം തരുക.

രോഗ പ്രതിരോധ ശേഷിയുള്ളവയെ കടപ്പന്‍ ആയി തിരഞ്ഞെടുത്താല്‍ ഉപ്പു രസം കൂടുതലുള്ള മണ്ണില്‍ പോലും, അത്തരം മണ്ണില്‍ തീരെ വളരാന്‍ സാധ്യതയില്ലാത്ത ചെടികളെ വളര്ത്താം .
ഒട്ടിക്കല്‍/ മുകുളനം എന്നിവയിലൂടെ നമുക്ക് ഒരു സങ്കര ഇനം കിട്ടുന്നില്ല. അത് ചെയ്യുമ്പോള്‍ നാം ചെയ്യുന്നത് വെറും ഒരു ശാരീരിക അടുപ്പം മാത്രമാണ്. ജനിതക അവയവങ്ങളില്‍ മാറ്റം സംഭവിക്കുന്നില്ല. എന്തെങ്കിലും ജനിതക മാറ്റം സംഭവിക്കണമെങ്കില്‍ ശേമഗാസ് shemagas എന്ന് പറയുന്ന mutation സംഭവിക്കണം (അതായത് ഒട്ടിചേരുന്ന സ്ഥലത്ത് എന്തെങ്കിലും ഒരു ജനിതക വ്യതിയാനം സംഭവിക്കണം). അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അത് ഒരു ഹൈബ്രിഡ് ആയി മാറുകയുള്ളൂ. ഹൈബ്രിഡ് എന്ന് പറയുമ്പോള്‍ ജനിതക സങ്കലനം ആണ് നടക്കുന്നത്. ഇവിടെ അത്തരമൊരു ജനിതക സങ്കലനം നടക്കുന്നില്ല.

ചുണ്ട കാട്ടുവര്‍ഗത്തില്‍ പെട്ട ചെടിയാണ്. അസാമാന്യ, അപാര, പ്രതിരോധ ശക്തിയുള്ളതാണത്. അതില്‍ വഴുതിനയും മുളകും തക്കാളിയും ഒട്ടിക്കാം. അതെല്ലാം സോളാനം എന്ന സസ്യ ജനുസ്സില്‍ പെട്ടതാണ്. ഒരേ ചുണ്ടചെടിയില്‍ പല ശാഖകളിളായി പലതരം മുളകുകളും തക്കാളികളും വഴുതിനകളും നമുക്ക് ഒട്ടിക്കാം. അപ്പോള്‍ ഒരേ ചെടിയില്‍ പലതരം പച്ചക്കറി. ഹാ .. എന്ത് രസം അല്ലെ.

അതുപോലെ തന്നെ ലെയരിംഗ് ചെയ്യുമ്പോള്‍ പ്രായം ഒരു പ്രധാന ഘടകം ആണ്. നല്ലോണം കായ്ക്കുന്ന കടപ്ലാവിന്‍റെ കൊമ്പില്‍ വേര് പിടിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കടപ്ലാവില്‍ പ്രജനനം നടത്തുന്നത് വേരില്‍ നിന്നും പൊടിച്ചു വരുന്ന ചെടികള്‍ ഉപയോഗിച്ചാണ്. അല്ലെങ്കില്‍ വേര് മുറിച്ചു വെച്ചാല്‍ വേരില്‍ നിന്ന് പൊട്ടി വരും. അതേസമയം കായ്ച്ചു കൊണ്ടിരിക്കുന്ന വലിയ ഒരു കടപ്ലാവില്‍ പതിവെക്കല്‍ ചെയ്‌താല്‍ അതില്‍ വേര് പൊട്ടില്ല.
ജാതിയിലും റബ്ബറിലും രംബൂട്ടാനിലും ചെയുന്നത് മുകുളനം ആണ്.

ബഡിംഗ് ചെയ്യുമ്പോള്‍ മൂന്നു മുതല്‍ ആറു മാസം വരെ പ്രായമുള്ള കമ്പ് ആയിരിക്കണം എടുക്കേണ്ടത്. കാരണം അതില്‍ ബഡ് ചെയ്യാന്‍ തക്കമുള്ള വണ്ണം ഉണ്ടാവും. തീരെ നൂല് പോലുള്ള ഒരു കമ്പ് ആണെങ്കില്‍ അതില്‍ ബഡ് എടുക്കാനും മുകുളം വെക്കാനും വലിയ വിഷമം ആവും.

കുടംപുളിയില്‍ ചെയ്യുന്നത് ഒട്ടിക്കല്‍ ആണ്. അതില്‍ തൊലിയെടുക്കുമ്പോള്‍ വലിയ കറ പുറത്തു വരില്ലേ, ഒരു പച്ച കറ. അതുകൊണ്ട് മുകുളനം നടക്കില്ല.

പ്ലാവ്, മാവ്, മാന്കൊസ്ടീന്‍ എന്നിവയില്‍ ഒട്ടിക്കല്‍ ആണ് ചെയ്യാറ്.
ബഡിംഗ് , ഗ്രാഫ്റിംഗ് എന്നിവയില്‍ ആശയം ഒന്ന്തന്നെ. മരമായി വളരുന്ന ചെടികളില്‍ ആണ് അത് ചെയ്യുന്നത്, വള്ളി ചെടികളിളല്ല. എന്നാല്‍ എല്ലാ ചെടികളിലും അത് ചെയ്യാന്‍ പറ്റില്ല. തെങ്ങ്, പന, കമുക് എന്നിവയില്‍ പറ്റില്ല. അതായത് ഒറ്റത്തടി വൃക്ഷങ്ങളില്‍ ഒട്ടിക്കല്‍ പറ്റില്ല.
കൂര്ക്ക അതിന്‍റെ തല നുള്ളിയാ നടുന്നത്.

ബോഗന്വിില്ല നല്ല പ്രായംചെന്ന കൊമ്പു നട്ടാണ്‌ വേര് പിടിപ്പിക്കുന്നത്. മുന്തിരിക്കും പ്രായം ചെന്ന കൊമ്പാണ് എടുക്കുക.

കുരുമുളക് വള്ളികള്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്യാം. ഗ്രാഫ്റ്റ് ചെയ്യുമ്പോള്‍ നമുക്ക് വള്ളി ചെടി വേണമെങ്കില്‍ മുകളിലേക്ക് പോയ വള്ളിയില്‍ നിന്നും കുറ്റിയാണ് വേണ്ടതെങ്കില്‍ വശങ്ങളിലേക്ക് പോയതില്‍ നിന്നും മുറിച്ചെടുത്ത് ഗ്രാഫ്റ്റ് ചെയ്യണം. സാധാരണ കുരുമുളകില്‍ തണ്ടില്‍ വേര് പിടിപ്പിച്ചാണ് ചെയ്യുന്നത്.

ചെറുനാരങ്ങ ചെടിയില്‍ പതിവെക്കല്‍ ആണ് സാധാരണ ചെയ്യുക. അതെ സമയം ബബ്ലൂസ്, ചെറുനാരങ്ങ വര്ഗത്തില്‍ പെട്ടതാണെങ്കിലും അതില്‍ ഗ്രാഫ്റ്റ് ആണ് ചെയ്യാറ്. അതില്‍ പിങ്ക്, വെള്ള എന്നിങ്ങനെ രണ്ടു നിറം ഉണ്ട്.

ഓറഞ്ച് (citrus ഗ്രൂപ്പ്) ഗ്രാഫ്റ്റ് ചെയ്യുന്നത് പുളി നാരകത്തി ല്‍ ആണ്.

മാതള നാരകം എന്ത് ചെയ്താലും നമ്മുടെ നാട്ടില്‍ നന്നായി വളരില്ല. കാരണം ഇവിടെ മഴ കൂടുതലാണ്. പശ്ചിമ ഘട്ടതിനപ്പുറം പൊള്ളാച്ചി പോലുള്ള വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ മാത്രമേ അത് വളരൂ.

സപ്പോട്ട ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നത് കിര്ണി എന്ന കാട്ടു മരത്തിന്‍റെ കടപ്പന്‍ ആണ്.
വലിയ ഗടാഗടിയന്മാരായ മരങ്ങളില്‍ പതിവെക്കല്‍ പണിക്കു പോകരുത്. കാരണം വിത്ത് മുളച്ചു ഉണ്ടാകുന്ന ചെടികളില്‍ മാത്രമേ താഴ് വേര് ഉണ്ടാകൂ. താഴ് വേര് ഉണ്ടെങ്കില്‍ മാത്രമേ മരത്തിനു ഏതു കാലാവസ്ഥയിലും മറിഞ്ഞു വീഴാതെ നില്ക്കാന്‍ പറ്റൂ. ലയരിംഗ് ചെയ്യുമ്പോള്‍ പറ്റുവേരുകള്‍ മാത്രമേ ഉണ്ടാകൂ. മാവിലും പ്ലാവിലും ഒക്കെ ലയരിംഗ് ചെയ്‌താല്‍ അത് ശക്തിയുള്ള കാറ്റത്ത്‌ മറിഞ്ഞു വീഴാന്‍ സാധ്യത ഉണ്ട്. കുറ്റി ചെടികളിലും ചെറിയ ചെടികളിലും ലെയരിംഗ് ചെയ്യാം.
തൊലി മാത്രമായി ഇളക്കിയെടുക്കാന്‍ പറ്റുന്ന ഇനങ്ങളില്‍ മാത്രമേ മുകുളനം ചെയ്യാന്‍ പറ്റൂ. അങ്ങനെ തൊലി ഇളകി വരാന്‍ ബുദ്ധിമുട്ടുള്ളവയില്‍ ഒട്ടിക്കല്‍ ആണ് എളുപ്പം.
ആണ്‍ മരത്തിന്‍റെ തല വെട്ടിയാല്‍ പുതിയ ശാഖകള്‍ വരും. അതില്‍ പെണ് മരത്തിന്‍റെ ശാഖകള്‍ ഒട്ടിക്കാം, അതുമല്ലെങ്കില്‍ അതിന്‍റെ തൊലിയില്‍ തന്നെ ചെയ്യാം. അങ്ങനെ ഒരു ചെടിയുടെ ലിംഗം മാറ്റാന്‍ ഈ സൂത്രം ഉപയോഗിക്കാം.

No comments:

Post a Comment