Wednesday, October 5, 2016

സസ്യജാലങ്ങളിലെ കായികമുറകൾ -1

(കടപ്പാട് : രാജ്‌കുമാർ വാര്യർ)

"എനിക്ക് താങ്കളില്‍ ഒരു കുഞ്ഞ് വേണമെന്നുണ്ട്, എന്‍റെ സൗന്ദര്യവും അങ്ങയുടെ ബുദ്ധിശക്തിയുമുള്ള ഒരു കുഞ്ഞ്. അത് എല്ലാം തികഞ്ഞ ഒരു കുഞ്ഞായിരിക്കും".
ഒരിക്കല്‍ മറിലിന്‍മണ്രോ എന്ന വിശ്വസുന്ദരി ലോകംകണ്ട ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ ഐന്സ്റ്റീനോട് പറഞ്ഞ വാക്കുകളാണിവ.
അതിനു കിട്ടിയ മറുപടി - "പക്ഷെ ആ കുഞ്ഞ് പിറക്കുമ്പോള്‍ എന്‍റെ സൗന്ദര്യവും നിന്‍റെ ബുദ്ധിയും ഉള്ളതായി ഭവിച്ചാലോ ? "

ഇത് തന്നെയാണ് നാം വിത്ത് മുളപ്പിച്ച് ചെടിയാക്കിയാലും ഉണ്ടാകുന്നത്. മാതൃ സസ്യത്തിന്‍റെ അതേ ഗുണമേന്മയുള്ള സസ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ അതിനേക്കാള്‍ നല്ലതാവാം, ചിലപ്പോള്‍ ഗുണം കുറഞ്ഞതാവാം.

വംശവര്‍ദ്ധന ജീവിചിരിക്കുന്ന ഓരോ ജീവിയുടെയും കടമയാണ്, അത് പ്രകൃതി നിയമവുമാണ്. പ്രധാനമായും രണ്ടു തരത്തിലാണ് ചെടികളി ല്‍ പ്രത്യുല്പ്പാദനം നടക്കുന്നത്.
ഒന്ന്, വിത്ത് വഴി - അത് ലൈംഗിക പ്രവര്ത്തനം ആണ്. ആണ്പൂവിലെ പരാഗം പെണ്പൂവിലെത്തിച്ച് പരാഗണം നടത്തിയുണ്ടാകുന്നത്. ഉദാ: നെല്ല്, തെങ്ങ്, പച്ചക്കറികള്‍.
മറ്റൊന്ന് സസ്യത്തിന്‍റെ ശരീര ഭാഗങ്ങള്‍ വഴി. വേര്, കിഴങ്ങ്, തണ്ട്, ഇല എന്നിവ വഴിയുള്ള കായിക പ്രവര്ത്തനത്തിലൂടെ. കായിക പ്രവര്ത്തനങ്ങള്‍ പല തരത്തില്‍ ആകാം. സസ്യ ഭാഗങ്ങള്‍ അടര്ത്തി മാറ്റി നടാം. ഉദാ : വാഴയുടെ കന്നു നാം അടര്ത്തി മാറ്റി നടുന്നു. എന്നാല്‍ കപ്പ, കുരുമുളക് എന്നിവ മുറിച്ചു മാറ്റി നടുന്നു. ഇത് രണ്ടും നാം സാധാരണ ചെയ്യുന്ന കാര്യമാണ്.
അതായത് വിത്ത്‌ മുഖേനയുള്ള പെരുക്കം (multiplication), മറ്റൊന്ന് സസ്യ വര്‍ഗ്ഗ വര്‍ദ്ധനം (vegetative propagation).
അത് സസ്യം സ്വയം ചെയ്യുന്നതും നാം ഏറ്റെടുത്ത് ചെയ്യുന്നതും ഉണ്ട്. നാം ചെയ്യുന്ന കായിക പ്രവര്ത്തനം പ്രധാനമായും പതിവെക്ക ല്‍ (LAYERING), ഒട്ടിക്കല്‍ (GRAFTING), മുകുളനം (BUDDING) എന്നിവയാണ്.
മാതൃ വൃക്ഷത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗം ഉപയോഗിച്ച് പുതിയൊരു സസ്യം ഉണ്ടാക്കുന്നതിനെ കായിക പ്രവര്ത്തനം എന്ന് പറയും. ഇന്നത്തെ നൂതന കൃഷി രീതികളി ല്‍ പ്രമുഖമായതാണ് കായിക പ്രവര്ത്തനം.
നമ്മുടെ സൌകര്യത്തിനായി നാം കണ്ടു പിടിച്ച ഒന്നാണ് കായിക പ്രവര്ത്തനം.
എന്തിനാണ് നാം കായിക പ്രവര്ത്തനത്തിലേക്ക് പോകുന്നത് ? വിത്ത് മുഖേന കൃഷി ചെയ്യാമെങ്കില്‍ അത് പോരെ ?

അതിനു പല കാരണങ്ങള്‍ ഉണ്ട്.
1. കായിക പ്രവര്ത്ത്നത്തിലൂടെ കുറച്ചു വേഗം കായ്ഫലം കിട്ടും. നാം ഒരു മാങ്ങഅണ്ടി മുളപ്പിച്ച് തൈ നട്ടാല്‍ നാലുമുതല്‍ എത്രയോ വര്ഷങ്ങള്‍ വരെ എടുത്തേക്കാം അതൊന്ന് കായ്ച്ചു കിട്ടാ ന്‍. കായിക പ്രവര്ത്തനം നടത്തുന്നത് കായ്ഫലം തന്നു സ്ഥായിത്വം കൈ വരിച്ച (stabilise ചെയ്ത), അതായത് തുടര്ച്ചയായി നല്ല കായ്ഫലം തരുന്ന ചെടിയുടെ ഒരു ശരീര ഭാഗം എടുത്തിട്ടാണ്. ഏതൊരു ജീവനുള്ളതിനും പുഷ്പ്പിണിയാവാന്‍ വളര്ന്നു വലുതാവണ്ടേ, അതിനു കുറച്ചു സമയം എടുക്കില്ലേ? അതുകൊണ്ട് ആ സസ്യത്തിന്‍റെ കുട്ടിക്കാലം (juvenile period) കഴിഞ്ഞ് അതിന്‍റെ തണ്ട് മൂത്ത ശേഷമാണ് നാം എടുക്കുന്നത്. അപ്പോള്‍ നമുക്ക് കിട്ടുന്നത് പ്രായപൂര്ത്തി എത്തിയ കോശങ്ങള്‍ അടങ്ങിയ കമ്പ് ആണ്. അങ്ങനെ വളര്ച്ചാ കാലത്തില്‍, ആകാംക്ഷയോടെയുള്ള നമ്മുടെ കാത്തിരുപ്പ് കാലത്തില്‍, വലിയ ഒരു ഇളവ് ലഭിക്കുന്നു. അത് വലിയൊരു കാര്യമല്ലേ ?

2. മാതൃ വൃക്ഷത്തിന്‍റെ അതേ ഗുണമേന്മയുള്ള ചെടികളെ നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ പറ്റും. വിത്ത് വഴി പുതിയ സസ്യം ഉണ്ടാക്കിയെടുക്കുകയാണെങ്കി ല്‍ അതേ ഗുണം കിട്ടും എന്ന് ഉറപ്പിക്കാന്‍ പറ്റില്ല. കാരണം പ്രകൃതിയില്‍ പരപരാഗണം (cross pollination) സര്വ്വ സാധാരണമാണ്. പ്രാണികള്‍ പല ചെടികളിലും കയറിയിറങ്ങി കറങ്ങിനടന്നു പരാഗണം നടത്തുമ്പോള്‍ അങ്ങനെയുണ്ടാകുന്ന വിത്തുകള്‍ മാതൃവൃക്ഷത്തിന്‍റെ തനിസ്വഭാവം പൂര്‍ണ്ണമായും കാണിക്കില്ല. മല്ലിക മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാല്‍ അതേ സ്വാദുള്ള മല്ലിക മാങ്ങ കിട്ട്വോ? വരിക്ക പ്ലാവിന്‍റെ ചക്കകുരു നട്ടാല്‍ അതേസ്വാദുള്ള വരിക്ക ചക്ക തന്നെ കിട്ടുമെന്ന് ഉറപ്പിക്കാന്‍ പറ്റ്വോ ? ഇല്ലേഇല്ല. അതേ സമയം നല്ല ഒരു മല്ലിക മാവിന്‍റെ / വരിക്കപ്ലാവിന്‍റെ കമ്പു മുറിച്ചുനട്ട് ഒരു നിശ്ചിത സമയത്തിനുള്ളില്‍ അതേ സ്വാദുള്ളത് ഉണ്ടാക്കിയെടുക്കാം.

3. രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങളെ ഉണ്ടാക്കാം. ചുണ്ട ചെടിയില്‍ തക്കാളിക്കമ്പു ഒട്ടിച്ച് തക്കാളിയുടെ ദ്രുതവാട്ടത്തെ തോല്പ്പിക്കാം.

4. കുറെ അധികം സസ്യങ്ങളെ ഒറ്റയടിക്ക് ഉത്പ്പാദിപ്പിക്കാം. കുരുമുളക് വള്ളിയില്‍ 'നാഗ പതിവെക്കല്‍' ചെയ്തു നൂറു കണക്കിന് തൈകള്‍ വേഗം ഉണ്ടാക്കാം.

5. ചെടിയുടെ ലിംഗം മാറ്റിയെടുക്കാം. കായ പിടിക്കാത്ത ആണ്‍പപ്പായ ചെടിയെ പെണ്ണാക്കി മാറ്റാം.

6. റോസില്‍ മുകുളനം ചെയ്ത് നാലോ അതി ല്‍ കൂടുതലോ നിറത്തിലുള്ള പൂക്കള്‍ ഒരേ കമ്പില്‍ സൃഷ്ടിക്കാം.

7. മാവില്‍ 'ഒട്ടിക്കല്‍' പ്രക്രിയയിലൂടെ പല സ്വാദുള്ള മാങ്ങകള്‍ ഉണ്ടാക്കിയെടുക്കാം.

8. അസുഖം പിടിപെട്ട ചെടിയുടെ വര്ഗം പൂര്ണ'മായും നശിച്ചുപോകാതെ സംരക്ഷിചെടുക്കാം. വലിയ പ്രായം ചെന്ന ചെടികളെയോ മരത്തെയോ രക്ഷപ്പെടുത്താനോ പുനര്ജ്ജന്മം കൊടുക്കാനോ കായിക പ്രവര്ത്തനത്തിലൂടെ പറ്റും. നല്ല ചക്ക തരുന്ന അമ്മച്ചി പ്ലാവുകളെ ഇങ്ങനെ രക്ഷിച്ചെടുക്കാം.

9. ഉയരം തീരെ കുറഞ്ഞ കുള്ളന്‍ ചെടികളെ വളര്ത്തി യെടുക്കാം.

10. ആപ്പിള്‍, മുന്തിരി പോലുള്ള ശൈത്യമേഘല സസ്യങ്ങളി ല്‍ കായിക പ്രവര്ത്തനം നടത്തുന്നത് വഴി പല തരത്തിലുള്ള രോഗങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും.

കായിക പ്രവര്ത്തനം എന്നാല്‍ ഗ്രാഫ്ട്ടിങ്ങും ബഡിങ്ങും മാത്രമേ എല്ലാവര്ക്കും ഓര്മ്മ വരൂ. എന്നാല്‍ വളരെ എളുപ്പത്തില്‍ നാം സാധാരണ ചെയ്യുന്ന ഒരു രീതിയുണ്ട്. അതാണ് കമ്പു മുറിച്ചു നടല്‍. പക്ഷെ എല്ലാ ചെടികളിലും കമ്പ് മുറിച്ചു നട്ടാല്‍ വേര് പിടിക്കില്ല.
അങ്ങനെയുള്ളവയില്‍ അടുത്ത എളുപ്പമുള്ള വഴിയായ പതിവെക്കല്‍ - ലയെരിംഗ് - ചെയ്യാം. ലെയരിംഗ് എന്നാല്‍ മാതൃവൃക്ഷത്തില്‍ തന്നെ നില്ക്കുമ്പോള്‍ അതില്‍ വേര് പിടിപ്പിച്ച് പിന്നീട് അതില്‍ നിന്നും മുറിച്ചു മാറ്റി നട്ട് പുതിയ ചെടിയാക്കുക എന്നതാണ്.

ഇത് രണ്ടും പറ്റുന്നില്ലെങ്കില്‍ അടുത്തതിലേക്ക് പോകാം. അതാണ്‌ ഒട്ടിക്കല്‍ - ഗ്രാഫ്ട്ടിംഗ്. രണ്ടു ചെടികളെ തമ്മില്‍ കൂട്ടി യോജിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഗ്രാഫ്ട്ടിങ്ങ്. മണ്ണില്‍, ചെടിയുടെ കടഭാഗത്ത്‌, വേര് പിടിപ്പിക്കുന്ന ഭാഗത്തെ റൂട്ട് സ്റ്റോക്ക്‌ (root stock) എന്നും ഒട്ടിച്ചു തലയില്‍ പിടിപ്പിക്കുന്ന ഭാഗത്തെ സയോണ്‍ (scion) എന്നും പറയും. [ഈ പേരുകള്‍ തുടര്ച്ചയായി ഉപയോഗിക്കേണ്ടിവരും. നമുക്കു അതിനെ കടപ്പന്‍ എന്നും തലപ്പന്‍ എന്നും വിളിച്ചാലോ ? വേണ്ടേ ? അല്ലെങ്കില്‍ മലയാളത്തില്‍ വേറെ പേരുണ്ടോ? ]
ഗ്രാഫ്ടിങ്ങിന്‍റെ ഒരു അനിയനാണ്, അല്ലെങ്കില്‍ ഒപ്പമുള്ളതാണ് മുകുളനം - ബഡിംഗ്. ആദ്യം ഗ്രാഫ്ട്ടിംഗ് പഠിച്ചിട്ടു വേണം ബഡിംഗ് പഠിക്കാന്‍. ബഡിങ്ങില്‍ ഒരു മുകുളം മാത്രമാണ് നാം എടുക്കുന്നത്. എന്നാല്‍ ഗ്രഫ്ടിങ്ങിനു ഉപയോഗിക്കുന്ന തണ്ടില്‍ കുറെ മുകുളങ്ങള്‍ ഉണ്ടാവാം.
അപ്പോള്‍ നാം തിരഞ്ഞെടുക്കുന്ന ചെടി/വൃക്ഷം ഏതാണ് എന്നതിനനുസരിച്ചാണ് കായിക പ്രവര്ത്ത്ന രീതി തിരഞ്ഞെടുക്കേണ്ടത്.

No comments:

Post a Comment